അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്.) എറണാകുളം ജില്ലയിലെത്തി | National Disaster Response Force (NDRF) has reached Ernakulam district.

എറണാകുളം : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്.) എറണാകുളം ജില്ലയിലെത്തി.
സംസ്ഥാനത്ത് മെയ് 26-ഓടെ കാലവർഷം എത്തുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെയാണ് എൻ.ഡി.ആർ.എഫ് എത്തിയത്
ചെന്നൈ അറക്കോണം ആസ്ഥാനമായുള്ള എൻ.ഡി.ആർ.എഫിൻ്റെ നാലാം ബറ്റാലിയനിലെ 33 അംഗ സംഘമാണ് ജില്ലയിലെത്തിയത്. ഇൻസ്പെക്ടർ എക്സിക്യൂട്ടീവ് അരുൺ കുമാർ ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മൂന്ന് പേർ വനിതകളാണ്.


കാക്കനാട് കളക്ടറേറ്റിലെത്തിയ സേനാംഗങ്ങൾ ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിലെ പ്രകൃതിദുരന്ത സാധ്യതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുൻകൂട്ടി മാപ്പ് ചെയ്തിട്ടുള്ള വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എൻ.ഡി.ആർ.എഫ്. സംഘം നേരിട്ട് സന്ദർശിച്ച് അവിടുത്തെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികൾ കൃത്യമായി മനസ്സിലാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. അതിനുശേഷം ജില്ലയിലെ വിവിധ ജനവിഭാഗങ്ങൾക്കായി ബോധവത്കരണ പരിപാടികളും അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള പ്രത്യേക പരിശീലനങ്ങളും സംഘടിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.


കാക്കനാട് യൂത്ത് ഹോസ്റ്റൽ, സൈനിക റെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് സേനാംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. എറണാകുളത്തിന് പുറമേ വയനാട്, കോഴിക്കോട്, തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും എൻ.ഡി.ആർ.എഫിന്റെ ടീമുകൾ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രകൃതിദുരന്തങ്ങളോ മനുഷ്യനിർമ്മിത ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്താനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേണ്ടി 2006-ൽ രൂപീകരിച്ച പ്രത്യേക സേനയാണ് എൻ.ഡി.ആർ.എഫ്. കഴിഞ്ഞ 10 വർഷത്തിലേറെയായി കേരളത്തിൽ കാലവർഷം പോലുള്ള സമയങ്ങളിൽ മുൻകരുതലായി ഇവരുടെ സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിക്കാറുണ്ട്.

0/Post a Comment/Comments